തേടൽ

എന്നിൽ നിന്ന് എന്നിലേക്കുള്ള
ദേശാടനത്തിൽ, ലിപികളറിയാത്ത
ഭാഷകളിലെ സംഗീതസ്വരങ്ങൾ
ഞാനുള്ളിലോട്ടെടുക്കാറുണ്ട്.

എനിക്കിനിയും മനസ്സിലാവാത്ത
ആരും പറഞ്ഞ് തന്നിട്ടില്ലാത്ത
പ്രതലങ്ങളിൽ ഞാനിപ്പോഴും
എന്നെത്തിരയുന്നുണ്ട്,
എവിടെയാന്നറിയില്ലെന്ന് മാത്രം.

ഞാനെന്നനുഭൂതിയിൽ
സ്വയമലയുകയാന്ന് തോന്നുന്നു.
നുകരുന്തോറും രസംകയറുന്ന
ഓട്ടത്തിലെന്തോ തേടുകയാണ് ഞാൻ,
ഒരുപക്ഷേ എന്നെത്തന്നെയായിരിക്കും.

ഒരു നിമിഷം നിൽക്കൂ പ്രിയപ്പെട്ടവനെ
നമ്മുക്കെവിടെയോ പിഴച്ചിരിക്കുന്നു.
ചുറ്റും മന്ത്രസ്വരങ്ങളുടെ മഴ പെയ്യുന്നു,
അത് ജ്ഞാനികളുടെ സ്വരങ്ങൾ
പകരുന്നുണ്ടോ?

തേടലിന്റെ യാത്രയല്ല, ഈ
നിമിഷത്തിലെ നൃത്തമായിരിക്കാം ഞാൻ.
ഉള്ളിലെ മഴസ്വരങ്ങളിൽ
നിറഞ്ഞാടുവാൻ നിയോഗിക്കപ്പെട്ട
ആനന്ദനൃത്തമാണ് ഞാനെന്ന്
തോന്നുന്നു.

അങ്ങനെയെങ്കിൽ മഴ തോരുവോളം
നിറഞ്ഞാടാൻ കാലമനുഗ്രഹിക്കട്ടെ.