ഒരുതരി വെളിച്ചം

ഇപ്പോളൊന്നും എഴുതാറില്ലേന്ന്
അവളിടക്കിടെ വന്ന് ചോദിക്കും.

എഴുതാനാരോ ഉള്ളിൽക്കിടന്ന്
പിടക്കാറുണ്ടെങ്കിലും കാമ്പില്ലാത്തതെന്ന്
സ്വയം തോന്നലുള്ളത് കൊണ്ട്
മാറ്റി വെയ്ക്കാറാണ് പതിവെന്ന്
മറുപടിപ്പറയും ഞാൻ.

കാലമെപ്പോഴും സമയമനുവദിക്കണമെന്നില്ല,
എന്നവളപ്പോൾ ഓർപ്പിക്കും.
ആ സത്യത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും
കാലങ്ങൾക്കപ്പുറം ഓർക്കാൻ തക്കതൊന്നും
എഴുതാനില്ലെന്ന് പറഞ്ഞൊഴിയും ഞാനന്നേരം.

ആർക്കും വേണ്ടിയല്ല, അവനവന്റെ
ആത്‌മശാന്തിക്ക് വേണ്ടിയാണെല്ലാം
എഴുതുന്നതെന്ന് പറഞ്ഞിട്ട്,
ഇപ്പോൾ ആശയങ്ങളൊക്കെ
മാറിമറിഞ്ഞോന്നവൾ മറുചോദ്യമെറിയും.

ഞാനെഴുതിയിട്ട് നിനക്കെന്ത് കിട്ടാനാ
പെണ്ണേയെന്ന് ചോദിച്ച് സ്വരം
കടുപ്പിക്കും ഞാനപ്പോൾ.

സദാ വെളിച്ചമെന്ന് പറയുന്നിയാൾക്ക്
ഒരു തിരിനാളത്തിന്റെ കുറവുണ്ടിപ്പോൾ
എന്നവൾ ശാന്തമായി മറുപടിപ്പറയും.
എഴുതണം, ഇനിയുമെഴുതണം
അക്ഷരങ്ങളുടെ വെളിച്ചം നഷ്ട്ടമായിക്കൂടാ
എന്നൂടെപറഞ്ഞിട്ട് അവളെഴുന്നേൽക്കും.

ഞാനൊരു ചായയിടാമെന്ന് പറഞ്ഞ്
അവളന്റെ ചുവന്നബുക്കെടുത്ത്
തന്നിട്ട് അടുക്കളയിലോട്ട് നടക്കും.

ഹാ! വെളിച്ചത്തിനുമിടക്ക് ഒരുതരി
വെളിച്ചം വേണമെന്നല്ലോ
എന്നോർത്തു ഞാനപ്പോൾ ആശ്ചര്യപ്പെട്ടു.